ദേശീയ ഗവേഷണ കോൺഫറൻസും ഹയർ എഡ്യൂക്കേഷൻ എക്സ്പോയും ഫെബ്രുവരി 9 മുതൽ
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ഗവേഷണ കോൺഫറൻസും ഹയർ എഡ്യൂക്കേഷൻ എക്സ്പോയും ഫെബ്രുവരി 9 മുതൽ 11 വരെ തിരുവനന്തപുരം വഴുതക്കാട് ഗവ. വുമൺസ് കോളേജിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ-ഗവേഷണ മേഖലകളിൽ കൈവരിച്ച വിപ്ലവകരമായ പുരോഗതിയും ആധുനികവൽക്കരണവും പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് മൂന്നു ദിവസത്തെ സംഗമത്തിന്റെ പ്രധാന ലക്ഷ്യം. ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ, ധനസഹായ സംവിധാനങ്ങൾ, അക്കാദമിക് ഔട്ട്പുട്ട് എന്നിവയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതോടൊപ്പം പ്രമുഖ അക്കാദമിക് വിദഗ്ധരെയും ഗവേഷകരെയും ഒരു പ്ലാറ്റ്ഫോമിൽ എത്തിക്കാനും പരിപാടി വിഭാവനം ചെയ്യുന്നു. ഫെബ്രുവരി ഒൻപതിന് പ്രീ-കോൺഫറൻസ് സെമിനാറുകളോടെയും തുടർന്ന് എക്സ്പോയുടെ ഉദ്ഘാടനത്തോടെയും പരിപാടികൾക്ക് തുടക്കമാകും. രണ്ടാം ദിവസം പത്ത് സമാന്തര വേദികളിലായി വിവിധ വിഷയങ്ങളിൽ ഗവേഷണ സെമിനാറുകളും വർക്ക് ഷോപ്പുകളും സംഘടിപ്പിക്കും. മൂന്നാം ദിവസം നടക്കുന്ന ‘റീബിൽഡ് കേരള’ ഗവേഷണ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിജയകരമായി പൂർത്തിയാക്കിയ ഗവേഷകർക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്യും. ഗവേഷണ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മികച്ച പോസ്റ്ററുകൾക്കും പ്രബന്ധങ്ങൾക്കും പ്രത്യേക പുരസ്‌കാരങ്ങളും നൽകുമെന്ന് മന്ത്രി അറിയിച്ചു.
Discover more from അക്ഷര മലയാളം ന്യൂസ്
Subscribe to get the latest posts sent to your email.